Thursday, 24 November 2016
Friday, 18 November 2016
Wednesday, 16 November 2016
Tuesday, 15 November 2016
Thursday, 10 November 2016
Tuesday, 8 November 2016
ഡ്രെയിനേജിലെ വീഴ്ച (കഥ)
ഭാഗം - 1
നല്ല മഞ്ഞുള്ള ഒരു പ്രഭാതം, സമയം ഏകദേശം 5 മണിയോടടുക്കുന്നു. നീലിമയുടെ നിലവിളി കേട്ടാണ് അയൽക്കാരെല്ലാം അവിടേക്ക് ഓടിയെത്തിയത്. ബെഡിൽ സുധി അനക്കമില്ലാതെ കിടക്കുകയാണ്, ശരീരമാകെ ഐസ്സ് പോലെ തണുത്തിരിക്കുന്നു. "എന്റെ സുധിയേട്ടാ" എന്ന് നിലവിളിച്ചു കൊണ്ട് നീലിമ ഏങ്ങലടിക്കുകയാണ്. ഡോക്ടർ എത്തിയപ്പോഴേക്കും ആരൊക്കെയോ ചേർന്നു അവളെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു.
അറ്റാക്കാണെന്നും, അതല്ലാ എന്തോ കഴിച്ചിട്ടാണെന്നുമൊക്കെ ആരൊക്കെയോ അടക്കം പറയുന്നു മുണ്ട്. സുധിയുടെ മരണം സ്ഥിരീകരിച്ച് ഡോക്ടർ പുറത്ത് കാത്തു കിടന്ന ഓട്ടോയിലേക്ക് കയറുന്നു, സമയം 5.10
ഭാഗം - 2
സുധിയുമൊത്ത് അതിരാവിലെ തന്നെ എവിടെയോ പോവാനുള്ളതാണ്, പക്ഷേ രാഹുൽ ഉണർന്നപ്പോൾ സമയം 6 മണി കഴിഞ്ഞിരിക്കുന്നു. മൊബൈലിൽ 5.30 ന് സുധിയുടെ രണ്ട് മിസ്ഡ് കോൾ, തിരിച്ച് വിളിച്ചിട്ട് അവൻ ഫോണെടുക്കുന്നില്ല. അവൻ പിണങ്ങിയിരിക്കാം, ഇനിയും താമസിക്കണ്ട, ഒരു കപ്പ് കാപ്പി പോലും കുടിയ്ക്കാതെ രാഹുൽ ബൈക്കുമെടുത്ത് സുധിയുടെ വീട്ടിലേക്ക് - "എവിടെ പോകാനാണെന്ന് മാത്രം അവൻ പറഞ്ഞില്ലല്ലോ ", ബൈക്ക് മുന്നോട്ട് പോകുമ്പോഴും രാഹുലിന്റെ ചിന്ത അതായിരുന്നു, അല്ലേലും പണ്ടേ അവൻ അങ്ങനാണ് എല്ലാത്തിനും ഒരു surprise മാത്രം തരുന്ന ഒരു നുണയൻ. കല്ലുവെച്ച നുണകൾ പറഞ്ഞ് എത്ര തവണയാണ് തന്നെ പറ്റിച്ചിരിക്കുന്നത്. പെട്ടെന്നാണ് സുധി പണ്ടൊരിക്കൻ പറഞ്ഞ ഒരു കഥ രാഹുലിന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.
സുധി രാവിലെ നടക്കാനിറങ്ങിയതാണ്, ഡ്രെയിനേജിന്റെ തുറന്നു വെച്ചിരുന്ന കുഴലിലേക്ക് അവൻ വഴുതി വീണിരിക്കുന്നു. ഉള്ളിൽ നല്ല ഇരുട്ടാണ്, ദേഹമാകെ ചുട്ടുപൊള്ളുന്ന ചൂടും, ശക്തിയായ വേഗതയിൽ അവൻ മുന്നോട്ടു കുതിച്ചു പായുകയാണ്. എത്ര നേരം ആ പോക്ക് തുടർന്നെന്ന് അവന് ഓർത്തെടുക്കാനാവുന്നില്ല. കുറേ ദൂരം ചെന്നപ്പോൾ, നേർത്ത പ്രകാശ രശ്മികൾ കുഴലിനുളളിലേക്ക് അരിച്ചു കയറുന്നതു പോലെ തോന്നി. അതേ കുഴലിന്റെ അവസാനമെത്തിയിരിക്കുന്നു. നിയന്ത്രണം പൂർണ്ണമായും നിലച്ച അപ്പൂപ്പൻ താടി പോലെ അവൻ കുഴലിൽ നിന്നും തെറിച്ച് പഞ്ഞി മേഘങ്ങളിലൂടെ ഒഴുകി തുടങ്ങിയിരിക്കുന്നു. എവിടെയും വെളുപ്പ് നിറം മാത്രം, നല്ലതണുത്ത കാറ്റും വീശുന്നുണ്ട്. ദൂരെ നിന്നാരോ അവന്റെ അടുത്തേക്ക് നടന്നടുക്കുന്നു. വെള്ള നിറത്തിലുള്ള വസ്ത്രമാണയാൾക്ക്, പക്ഷേ ആളിന്റെ മുഖം വ്യക്തമാകുന്നില്ല. അയാൾ അവന്റെ തലയിൽ തലോടിക്കൊണ്ട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്, പക്ഷേ ഒന്നും തന്നെ വ്യക്തമല്ല, കുറച്ച് സമയം കഴിഞ്ഞ് അയാൾ അവനെ മറ്റൊരു കുഴലിലേക്ക് തള്ളി വിടുന്നു. നല്ല തണുത്ത കാറ്റും വെളിച്ചവുമുള്ള ഒരു കുഴൽ. അതൊരു യാത്ര തന്നെയായിരുന്നു - അവൻ കണ്ടു മറന്ന മുഖങ്ങൾ, പിന്നിട്ട ബാല്യം, കൗമാരത്തിന്റെ കുസൃതികൾ, യൗവനത്തിന്റെ പ്രസരിപ്പുകൾ അങ്ങനെ എല്ലാം ഒരു സ്ക്രീനിൽ തെളിയുന്നതു പോലെ അവനിലേക്ക് എത്തിക്കൊണ്ടേയിരുന്നു. കാഴ്ചകൾ മങ്ങിത്തുടങ്ങിയതു പോലെ - കുഴലിന്റെ മറുവശം കണ്ടിരിക്കുന്നു. സുധി റോഡിലേക്ക് തിരിച്ചെത്തി. ഒരു പ്രത്യേക ഊർജ്ജം കിട്ടിയതുപോലെ, ആ ദിവസം അവന് എന്തിനും ഏതിനും ഒരുത്സാഹമായിരുന്നു. പിന്നീട് നടക്കാൻ പോയപ്പോഴെല്ലാം അവൻ ഡ്രയിനേജിന്റെ മൂടി ശ്രദ്ധിച്ചിരുന്നു, പക്ഷേ അപ്പോഴെല്ലാം അത് അടഞ്ഞു തന്നെ കിടന്നിരുന്നു.
അവന്റെ ഓരോരോ നുണക്കഥകളിലൂടെ ഊളിയിട്ടപ്പോഴേക്കും രാഹുലിന്റെ ബൈക്ക് സുധിയുടെ വീടിനോടടുത്തിരുന്നു. എന്തേ അവിടെ പതിവില്ലാത്തൊരാൾക്കൂട്ടം, ആളുകൾ കൂട്ടമായ് അവിടേയ്ക്ക് ഒഴുകിയെത്തുകയാണെല്ലോ,രാഹുല
ഭാഗം - 3
മരണം സ്ഥിരീകരിച്ച് ഡോക്ടർ സുധിയുടെ അച്ഛനെ ആശ്വസിപ്പിച്ച ശേഷം, പുറത്ത് കാത്തു കിടന്ന ഓട്ടോയിലേക്ക് കയറുന്നു. സമയം 5.10, ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും പിന്നിൽ നിന്നൊരു വിളി, സുധിയുടെ അച്ഛനാണ് .
"ഡോക്ടർ... ഒന്ന് അകത്തേക്കു വരുമോ, എന്തോ എനിക്കൊരു സംശയം പോലെ "
ഡോക്ടർ ഉടൻ തന്നെ സുധിയുടെ അരികിലെത്തി.സുധിയുടെ അച്ഛന്റെ സംശയം ശരിയാണ്, അവന്റെ വിരലുകൾ ചെറുതായ് ചലിക്കുന്നുണ്ട്, അവന്റെ പൾസ് റേറ്റും നോർമൽ ആയിരിക്കുന്നു. ഡോക്ടർക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല. പൊടുന്നനെ ഏവരേയും ഭയപ്പെടുത്തികൊണ്ട് സുധി ബെഡിൽ നിന്നും എഴുന്നേറ്റു. അവന് നന്നായി തണുക്കുന്നുണ്ട്, അയയിൽ കിടന്ന മുണ്ടെടുത്ത് പുതച്ച് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് സുധി വരാന്തയിലെ കസേരയിൽ ചമ്രം പടിഞ്ഞിരുന്നു. നന്നായ് വിറയ്ക്കുന്നുമുണ്ട്. ഉമ്മറത്ത് കണ്ട പുരുഷാരത്തെ അവൻ ഭീതിയോടെ നോക്കുന്നുണ്ട്. ഇതിനിടയിൽ രണ്ടു തവണ സുധിയുടെ അച്ഛൻ രാഹുലിനെ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല. സമയം 5.30
ഭാഗം - 4
സമയം 7 മണി
ബൈക്ക് സ്റ്റാന്റിൽ വെച്ച്, വീടിനു മുന്നിൽ തിങ്ങി നിന്ന ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി രാഹുൽ വീടിന്റെ ഉമ്മറത്തെത്തി, ചുറ്റും കലങ്ങി മറിഞ്ഞ കണ്ണുകൾ, എങ്ങും ചന്ദനത്തിരിയുടെ ഗന്ധം, വരാന്തയിൽ വെള്ളയിൽ പൊതിഞ്ഞ് സുധി കസേരയിലിരിക്കുന്നു, കൈയിൽ രണ്ട് ചന്ദനത്തിരി ആരോ കത്തിച്ചു പിടിപ്പിച്ചിട്ടുണ്ട്.
" ഇത് ബാധകൂടിയതാണെന്നും അതല്ല ചാത്തൻ സേവയാണെന്നുമൊക്കെ ആരൊക്കെയോ അടക്കം പറയുന്നുണ്ട് "
സുധി പുറത്തേക്കും നോക്കി ഒരേ ഇരുപ്പാണ്, കരഞ്ഞു കലങ്ങിയ കണ്ണുമായ് നീലിമ സുധിയുടെ അരികിൽ തന്നെയുണ്ട്. നീലിമയിൽ നിന്ന് രാഹുൽ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അധികം താമസിയാതെ തന്നെ സുധി പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തി. അവൻ നേരത്തേതിലും ഊർജ്ജസ്വലനാണിപ്പോൾ, അല്പം മുമ്പ് കണ്ട ആളേ അല്ല അവനെന്ന് തോന്നിപ്പോവുകയാണ്. ദീർഘനേരമുള്ള സംസാരം, പണ്ട് നടന്ന സംഭവങ്ങളാണ് കൂടുതലും വിവരിക്കുന്നത്. ഇതിനിടയിലും 10 മണിക്ക് ആരെയോ മീറ്റ് ചെയ്യണമെന്ന് പറയുന്നുണ്ട്.
"ഇന്നിനി പുറത്തേക്കൊന്നും പോകണ്ടാ", നീലിമ അല്പം കടുപ്പിച്ചാണ് പറഞ്ഞതെങ്കിലും കൃത്യം 10 മണിക്ക് തന്നെ സുധിയും രാഹുലും അയാളെ മീറ്റ് ചെയ്തു, Dr. തരകൻ, സിറ്റിയിലെ അറിയപ്പെടുന്ന psychiatrist.
സുധിക്ക് ഡോക്ടറോട് പറയാനുണ്ടായിരുന്നത് അവൻ മൂന്നു തവണ വീണുപോയ ഡ്രെയിനേജിനെക്കുറിച്ചായിരു
ആദ്യം വീണത് വർഷങ്ങൾക്കു മുൻപ് കോളേജ് ഡേയുടെ അന്ന് ഹോസ്റ്റലിൽ വെച്ച്, രണ്ടാമത് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ നീലിമയെ അവളുടെ വീട്ടിൽ വിട്ടിട്ട് വന്നന്ന്, ഈ രണ്ടു സന്ദർഭങ്ങളിലും സുധി തനിച്ചായിരുന്നു.മൂന്നാമത് ഇന്ന് എല്ലാവരും അറിഞ്ഞും.
സുധിയുടെ കഥ മുഴവൻ കേട്ടു കഴിഞ്ഞ ഡോക്ടർ ചെറുപുഞ്ചിരിയോടെ...
"നിങ്ങൾ വിചാരിക്കുന്നതു പോലെ ഇതൊരു psychic disorder ഒന്നും അല്ല, പിന്നെ സുധിയുടെ bp ഒന്നു ചെക്ക് ചെയ്യണം. മരണത്തിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ ജീവന്റെ തുടിപ്പിലേക്ക് തിരിച്ചെത്തിയവരുടെ ധാരാളം കഥകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും report ചെയ്തതായി കേട്ടിട്ടുണ്ട്, അതിൽ ഒരു 60-65% പേർക്കം ഉണ്ടായ അനുഭവം ഏകദേശം സുധി പറഞ്ഞതുപോലെയാണ്, ചില ചില്ലറ മാറ്റങ്ങൾ, സുധിയ്ക്ക് ഡ്രെയിനേജാണെങ്കിൽ മറ്റു ചിലർക്കത് മൗണ്ടൻ പീക്കോ, കടലിന്റെ അഗാധതയോ ഒക്കെയാണ് അത്രമാത്രം. പിന്നെ ഇപ്പഴും അതേ കുറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു. "
ഡോക്ടറോട് വിടപറഞ്ഞിറങ്ങുമ്പോൾ ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു പ്രത്യേകിച്ചും സുധി. ഡോക്ടറുടെ നിർദ്ദേശപ്രകാരം സുധി രണ്ടാഴ്ചയായി പരിപൂർണ്ണ വിശ്രമത്തിലാണ്, bp യും ഇപ്പോൾ കൺട്രോളിലായിട്ടുണ്ട്. ഡ്രെയിനേജിലൊന്നും വീഴാതെ തന്നെ അവൻ കൂടുതൽ ഊർജ്ജസ്വലനായിരിക്കുന്നു. കുറനാളായില്ലേ രാഹുലിനെ കണ്ടിട്ട്, ഒന്നു കണ്ടേക്കാം, നീലിമയോട് യാത്ര പറഞ്ഞ്, അവൻ ബൈക്കുമെടുത്ത് രാഹുലിന്റെ വീട്ടിലെത്തി.
വരാന്തയുടെ ഒരു മൂലയ്ക്ക് മാറി വെള്ളപ്പുതപ്പിനുള്ളിൽ തണുത്തു വിറച്ച് രാഹുൽ, പുറത്തേക്കുള്ള അലക്ഷ്യമായ നോട്ടം, എങ്ങും ചന്ദനത്തിരിയുടെ ഗന്ധം.
--------------------------
പ്രശാന്ത്. MS
കോയമ്പത്തൂർ ടു പെരുംതുറൈ
വർഷങ്ങൾക്കു മുൻപ് 'ERODE' ൽ MCA യ്ക്കു പഠിക്കുന്ന കാലം. എന്തോ ഒരു കാര്യത്തിന് കോയമ്പത്തൂർ വരെ പോയ് മടങ്ങുമ്പോഴാണത് സംഭവിച്ചത്. കോയമ്പത്തൂർ സ്റ്റാന്റിൽ നിന്ന് ഞാൻ പെരുന്തുറയ്ക്കുള്ള ബസ്സിൽ കയറി. നല്ല തിരക്കുണ്ട്, ഭാഗ്യം ഒരു സീറ്റ് എനിക്കായ് മാറ്റിവെച്ച പോലെ. പെട്ടെന്ന് തന്നെ ഞാൻസീറ്റിൽ സ്ഥാനം പിടിച്ചു. ബസ്സ് പോവാൻ ഇനിയുമുണ്ട് 5 മിനിറ്റ് . ഒരു പാട് ചെറുകച്ചവടക്കാർ ബസ്സിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. അവരിൽ എന്നെ ഏറെ ആകർഷിച്ചത് പേന വിൽക്കുന്ന ഒരു പയ്യനായിരുന്നു. അവന്റെ കയ്യിൽ സിംഹത്തിന്റെ തലയുള്ള ഒരു പേന. ഷർട്ടിന്റെ പോക്കറ്റിൽ തിരുകി വെച്ചാൽ നല്ല Show ആയിരിക്കും അതുകൊണ്ട് ഞാനുമൊരെണ്ണം വാങ്ങി ജാഡയിൽ പോക്കറ്റിൽ തിരുകി.
അധികം താമസിയാതെ കണ്ടക്ടറുടെ വിസിലും വന്നു. പെരുന്തുറയ്ക്കിവിടുന്ന് ഏകദേശം ഒരു ഒന്നൊന്നര മണിക്കൂർ യാത്രയുണ്ട്. അവിടിറങ്ങി അടുത്ത ബസ്സ് പിടിച്ചാലേ ഞാൻ താമസിക്കുന്ന ചെന്നിമലയിൽ എത്തൂ. വലിയ രണ്ടു തടിയന്മാരോടൊപ്പം ഞെങ്ങി ഞെരുങ്ങിയുള്ള ഇരുപ്പാണ്, ദൈവമേ ഇനിയും 1.5 മണിക്കൂറോ.
"എരിതീയിൽ നിന്നും വറ ചട്ടിയിലേക്ക് " എന്നൊക്കെ കേട്ടിട്ടില്ലേ, അയ്യോ അതായിരുന്നു പിന്നീടങ്ങോട്ട്. വണ്ടി 'അവിനാശി' ബസ് സ്റ്റാൻറ്റിൽ എത്തിയതും ഇടിച്ചുകുത്തി ആള് കേറി, ആർക്കും ഒന്നു നിന്നു തിരിയാൻ പോലും സ്ഥലമില്ല അത്രയ്ക്ക് തിരക്ക്. കൂട്ടത്തിൽ കറുത്ത് തടിച്ച്, മഞ്ഞ സാരിയുടുത്ത ഒരു സ്ത്രീ എന്നെത്തന്നെ ശ്രദ്ധിക്കുന്നു, കയ്യിൽ ,വെളുത്തു തുടുത്ത ഒരു കുട്ടിയുമുണ്ട്. എനിക്ക് കാര്യം പിടികിട്ടി സീറ്റിനു വേണ്ടിയുള്ള നോട്ടമാണ്. നമ്മളാരാ മോൻ, കണ്ണ് പതിയെ അടച്ച് സീറ്റിലേക്ക് മലർന്നങ്ങിരുന്നു, ഒന്നും അറിയാത്തവനെപ്പോലെ. ഇടയ്ക്കൊന്ന് ഞാനവരെ ഏറുകണ്ണിട്ട് ഒന്നു നോക്കി, പണി പാളിയെന്നു വേണം പറയാൻ, ചെറുതായിട്ടൊന്ന് ചിരിച്ചോണ്ട് അവരെന്നോട് കുശലം കൂടാൻ തുടങ്ങി.
"തമ്പീ നീ എങ്കൈ പോറീങ്കേ"
പെരുന്തുറൈ, അക്ക നീങ്കേ
" ഈറോഡ് പക്കം"
അവര് പിന്നെയും
എന്തൊക്കെയോ ചോദിച്ചു കൊണ്ടേയിരുന്നു, തിരിച്ച് തമിഴിൽ ഒപ്പിച്ചൊപ്പിച്ച് ഞാനും. ഇപ്പോ ഒരു രസമൊക്കെയുണ്ട് ആകെയൊരു ജോളി മുഡ്. പെട്ടെന്നാണ് അവരത് ചോദിച്ചത്
'' എനക്ക് കാൽ വലിക്കിത് തമ്പീ, ഇങ്കൈ ഉക്കാറ മുടിയുമാ ? "
അയ്യോ പാവം വേദന കൊണ്ടല്ലേ, കയ്യിൽ കുട്ടിയുമുണ്ടല്ലോ, പക്ഷേ അവരെ ഇവിടിരുത്തിയാൽ ഒട്ടകത്തിന് ഇടം കൊടുത്ത പോലാകുമല്ലോ, ഇപ്പം എന്ത് ചെയ്യും.
കൊള്ളാം നമ്മളോടാ കളി, അക്കയ്ക്കൊരു ചിരി സമ്മാനിച്ചിട്ട് ഞാൻ വളരെ nice ആയിട്ട് കുട്ടിയെ വാങ്ങി മടിയിലിരുത്തി.
വളരെ പെട്ടെന്നാണ് അവൻ എന്നോട് അടുത്തത്, പോക്കറ്റിലെ സിംഹതലയുളള പേന അവന് ശരിക്കും ഇഷ്ടപ്പെട്ട മട്ടാണ്. അവനതുമായ് കളിച്ചു കൊണ്ടേയിരുന്നു, ഞാനും ചെറുതായിട്ടൊന്നു മയങ്ങി. ഏതോ ഒരു ദിവാസ്വപ്നത്തിലേക്ക് ഞാൻ വഴുതി വീഴാൻ തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് തോളിലാരോ തട്ടുന്നതു പോലെ തോന്നി.
"തമ്പീ, ഏന്തിരി ഏന്തിരി പെരുന്തുറ വന്താച്ച്"
യ്യോ ഇങ്ങെത്തിയോ, കുട്ടിയെ എൽപ്പിച്ചിട്ട് ഞാൻ എഴുനേൽക്കാൻ നോക്കുമ്പോൾ ആ സ്ത്രീയെ അവിടെങ്ങും കാണാനില്ല. ഞാൻ ബസ്സിൽ എല്ലായിടവും നോക്കി അവരുടെ പൊടിപോലും കണ്ടില്ല. ബസ്സിലെല്ലാർക്കും കാര്യം പിടികിട്ടി.
" തമ്പീ...അന്ത കറുപ്പാന ഗുണ്ട് പൊമ്പള താനേ, അവങ്കേ രണ്ടു സ്റ്റോപ്പ് മുന്നാടിയേ എറങ്കീട്ടാങ്കേ, നീങ്ക അങ്കേ പോയ് പാരുങ്കേ"
എന്നു പറഞ്ഞ് എല്ലാവരും ചേർന്ന് എന്നെയും കുട്ടിയേയും ബസ്സിൽ നിന്ന് പുറത്തിറക്കി. എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടാതെ പെരുന്തുറ സ്റ്റാന്റിൽ ഞാനൊരു നിപ്പങ്ങു നിന്നു, കൊച്ചാണെങ്കിൽ കീറ്റലോടെ കീറ്റൽ. പലരും എന്നെ ശ്രദ്ധിക്കുന്നുമുണ്ട്. ഇനി അവിടെ നിന്നാൽ ശരിയാവില്ല. എന്തു ചെയ്യണമെന്ന് അറിയാൻ വയ്യാതെ നിൽക്കുമ്പോഴാണ്, ആരെയോ കൊണ്ടുവിടാൻ ഒരു ഓട്ടോ അവിടേക്ക് വന്നത്. വരുന്നിടത്തു വച്ച് വരട്ടെ, ഞാൻ ഓട്ടോ കയ്യാട്ടി വിളിച്ചു. ബസ്സിൽ സംഭവിച്ചതെല്ലാം ഞാൻ അണ്ണനോട് പറഞ്ഞു.ദൈവം ചിലപ്പോഴൊക്കെ മനുഷ്യന്മാരുടെ രൂപത്തിൽ വരുമെന്ന് പറയാറില്ലേ, ആ ഓട്ടോ അണ്ണൻ അക്കൂട്ടത്തിലായിരുന്നു.
" തമ്പീ നീങ്ക ഒന്നുമേ കവലപ്പെടാതീങ്കേ, ധൈര്യമാ വണ്ടിയിലേറി ഉക്കാറിങ്കേ, നാമേ കണ്ടിപ്പാ അന്ത പൊമ്പളയെ കണ്ടു പിടിച്ചിരലാം"
ഓട്ടോ മുന്നോട്ടു പോകുമ്പോഴും അണ്ണൻ എനിക്ക് ധൈര്യം തന്നു കൊണ്ടേയിരുന്നു. ബസ്സിലുള്ളവർ പറഞ്ഞതു വെച്ച് ഞങ്ങൾ, ആ സ്ത്രീ ഇറങ്ങിയ 'മോഡകുറിച്ചി' യിലെത്തി.
എന്നെ ഓട്ടോയിൽത്തന്നെ ഇരുത്തിയിട്ട് അണ്ണൻ അവരെക്കുറിച്ച് അന്വേഷിച്ചിട്ട് തിരിച്ചുവന്ന് വണ്ടി മുന്നോട്ട് എടുത്തു.
"തമ്പീ കടവുൾ നമ്മകൂടത്താൻ ഇറുക്കാറ്, അവ പക്കം താൻ ഇറുക്കാ, ഇന്നു കൊഞ്ച ദൂരം താൻ.."
ഓട്ടോ കൊഞ്ചം ദൂരം sorry കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോൾ ഒരു കടയുടെ മുന്നിൽ അവൾ നിൽക്കുന്നു.
"അണ്ണാ ആട്ടോ സ്റ്റോപ്പ് പണ്ണുങ്കേ, അത് അവ താൻ ആ ഗുണ്ട് മഞ്ഞ സാരി"
വണ്ടി നിർത്തി ഞങ്ങൾ അവളുടെ അടുക്കലെത്തി. എന്നെ കണ്ടപ്പോൾ ആദ്യമൊന്ന് ചൂളിചെങ്കിലും, പിന്നീട് അറിയാവുന്ന ഒരു ഭാവവും അവൾ പുറത്തു കാണിച്ചില്ല. അണ്ണൻ അപ്പഴേക്കും കാര്യങ്ങളൊക്കെ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.
"ഏൻഡീ ഇന്ത കൊളന്ത ഉന്നോടുത് താനേ, സൊല്ലടീ എതുക്കാഹെ ബസ്സി ലിയേ വിട്ടിട്ട് പോണെ"
അണ്ണൻ കത്തിക്കയറി. പക്ഷേ അവളുടെ നമ്പരിനു മുന്നിൽ അണ്ണനും അടിപതറി.
" നീങ്ക എല്ലാരും ഇങ്ക പാരുങ്കേ, എനക്കും ഇന്ത ആളുക്കും ഒരു സംബന്ധമേ ഇല്ല, നീങ്കളേ നല്ലാ യോശിച്ച് പാരുങ്കേ ഞാൻ കറുപ്പ് ഇന്ത കൊളന്ത നല്ല വെള്ളയാറുക്ക്, ഇത് എന്നോടെ കൊളന്ത ഇല്ല, അവനോടത് താൻ"
ഇങ്ങനൊക്കെ പലതും പറഞ്ഞ് അവൾ അലമുറയിട്ട് കരഞ്ഞു കൂവാൻ തുടങ്ങി.
തള്ളേ തല്ലിയാലുമുണ്ടല്ലോ രണ്ടു പക്ഷം, കുറേ ആളുകൾ അവളുടെ ഭാഗം ചേർന്നു.
സംഭവം കൂടുതൽ വഷളായിക്കൊണ്ടേയിരുന്നു. ഇതിനിടയ്ക്ക് ആരാണാ പണി ഒപ്പിച്ചതെന്നറിയില്ല, കടയുടെ മുന്നിലേക്ക് ഒരു പോലീസ് ജീപ്പ് പാഞ്ഞെത്തി. ഞങ്ങളേ നാലിനേയും തൂക്കിയെത്ത് ജീപ്പ് സ്റ്റേഷനിലെത്തി.
അവിടുത്തെ SI യെ കണ്ടപ്പഴേ എന്റെ പാതി ജീവനങ്ങ് പോയി. ഒരു അറ് ആറര അടി പൊക്കത്തിൽ ടാറു കമഴ്ത്തിയ പോലൊരു ഭീമൻ. കൊച്ചിനെ എടുത്ത് എന്റെയും അവളുടെയും നടുക്ക് നിർത്തിയിട്ട് SI ചോദ്യം ചെയ്യൽ തുടങ്ങി.
" എയ് സൊല്ലടീ കൊളന്ത ഉന്നോട തു താനേ "
കൊച്ചവളുടെ അല്ലന്ന് ആണയിട്ടു.
പറഞ്ഞു കൊണ്ടേയിരുന്നു.
" നീങ്ക രണ്ടു കൈയയും തൂക്കി കൊളന്തയെ കൂപ്പിട് "
SI പറഞ്ഞ പോലെ അവൾ ചെയ്തെങ്കിലും കൊച്ച് ഒരടി പോലും ചലിച്ചില്ല.
അടുത്തത് എന്റെ ഊഴമായിരുന്നു.
" ഡേയ് ഇങ്ക വാടാ,കൊളന്തെയെ നീ കൂപ്പിറടാ "
ഞാൻ കൊച്ചിനെ രണ്ടു കയ്യും നീട്ടിത്തന്നെ കൂപ്പിട്ടു sorry വിളിച്ചു. എന്റെ പോക്കറ്റിലെ സിംഹത്തലുള്ള പേന കണ്ടിട്ടാവണം, അവൻ എന്റെടുക്കലേക്ക് തന്നെ വന്നു.
കുട്ടി എന്റെടുക്കൽ വന്നതു കണ്ട് SI ഒരു പുലിയെപ്പോലെ എന്റെ നേരേ പാഞ്ഞടുത്തു.
" നീ എന്നയേയേ ഏമാത്തിരിയാ -റാസ്ക്കൽ"
പിന്നൊന്നും ഓർമ്മയില്ല അയാളുടെ കലിപ്പ് തീരുന്നതുവരെ എന്നെ തല്ലി. അവസാനം എന്റെ തല പിടിച്ച് ഇരുമ്പ് തൂണിൽ ശക്തിയായി ഇടിച്ചപ്പോഴാണ് അയാളൊന്നാടങ്ങിയത്.
എന്റെ നെറ്റി പൊട്ടി ചോര പൊടിക്കുന്നതു കണ്ടപ്പോൾ ഒരു മൂലക്ക് മാറിനിന്നിരുന്ന ആ മഞ്ഞ ഗുണ്ട് അടുത്തു വന്നു ചോദിക്കുവാ
" തമ്പീ ഉനക്ക് ഏതും ആയിടിച്ചാ, കൊളന്തയെ മടിയില് ഉക്കാറ വെച്ചിട്ട് എപ്പടിപ്പാ ഇന്നളവുക്ക് തൂങ്കീട്ടേ, ബസ്സ് ബ്രേക്ക് പണ്ണും പോത് കൊഞ്ചമാ ജാഗ്രതയാ ഇരീങ്കോ, ഏന്തിരി ഏന്തിരി പെരുന്തുറ വന്താച്ച് "
സിംഹത്തലയുള്ള പേന കുട്ടിയ്ക്ക് കൊടുത്ത്, അക്കയ്ക്ക് ഒരു ചിരിയും സമ്മാനിച്ച് ഞാൻ പെരുന്തുറയിലിറങ്ങി.
ദൈവമേ ഇവിടുന്നിനി ചെന്നിമലയ്ക്കുള്ള ബസ്സ് എപ്പഴാണാവോ !
-------------------------------
പ്രശാന്ത്.MS
Saturday, 5 November 2016
വിലാപം
മൂവന്തിച്ചെപ്പ് തുറക്കും കുട്ടിക്കുറുമാലി
നീരാട്ടിന് പോയിട്ടെന്തേ നീയും വന്നില്ല?
ചെഞ്ചേല ചുറ്റിത്തുള്ളിച്ചാടാൻ നിന്നെ കണ്ടില്ല?
നാടുണർത്താൻ കാലത്തെന്തേ നീയും പോണില്ലേ?
കലികേറിത്തുള്ളി പായും കാർമുകിലെത്തുമ്പോൾ
പാഞ്ചാലി ചേലയ്ക്കൊട്ടും നീളം കണ്ടില്ല
എൻ മേനിയാകെ മേഘകൈകൾ
താളം കൊട്ടുമ്പോൾ
നീലമേഘ കണ്ണൻ പോലും എൻ വിളി കേട്ടില്ല.
നീരാട്ടിന് പോയിട്ടെന്തേ നീയും വന്നില്ല?
ചെഞ്ചേല ചുറ്റിത്തുള്ളിച്ചാടാൻ നിന്നെ കണ്ടില്ല?
നാടുണർത്താൻ കാലത്തെന്തേ നീയും പോണില്ലേ?
കലികേറിത്തുള്ളി പായും കാർമുകിലെത്തുമ്പോൾ
പാഞ്ചാലി ചേലയ്ക്കൊട്ടും നീളം കണ്ടില്ല
എൻ മേനിയാകെ മേഘകൈകൾ
താളം കൊട്ടുമ്പോൾ
നീലമേഘ കണ്ണൻ പോലും എൻ വിളി കേട്ടില്ല.
സൂര്യനും ചന്ദ്രനും
രാവിലെ വന്ന പെയിന്റടിക്കാരനോട് റൂഫിന് നീല അടിച്ചിടാൻ പറഞ്ഞിട്ട് ചന്ദ്രേട്ടൻ പോയി കിടന്നതാണ് , സെക്യൂരിറ്റി പണിയായതുകൊണ്ട് നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണം കാരണം ശരിക്കുമങ്ങ് ഉറങ്ങിപ്പോയി ഉറക്കമെന്ന് പറഞ്ഞാൻ നല്ല സൂപ്പർ ഉറക്കം. ഉച്ചയ്ക്ക് ഊണു കഴിക്കാൻ പോലും എഴുനേറ്റില്ല.പിന്നെ വൈകിട്ട് പണിയെല്ലാം കഴിഞ്ഞ് പെയിന്റടിക്കാരൻ വന്ന് തട്ടി വിളിച്ചപ്പോഴാണ് ചന്ദ്രേട്ടൻ എഴുനേൽക്കുന്നത്. ഒന്നു കുളിച്ച് ഫ്രഷ് അയിട്ട് പെയിന്ററിന് കൂലി കൊടുക്കാൻ ചെന്നപ്പോൾ നോക്കണേ ദേ നീലയ്ക്കു പകരം ചുവപ്പ് അടിച്ചിട്ടിരിക്കുന്നു. ചന്ദ്രേട്ടന് കലിയിളകി
"രാവിലെ വന്നപ്പോൾ എന്തൊക്കെയാ നീ പറഞ്ഞത്, വലിയ അർട്ടിസ്റ്റാണ്, ഇൻ ബോൺ ടച്ചാണ്, മാങ്ങയാണ് തേങ്ങയാണ്.... എന്തോന്നാ നീ കാണിച്ച് വെച്ചിരിക്കുന്നത്, നീ ഇത് ശരിയാക്കിട്ടിവിടുന്ന് പോയാൽ മതി"
ചന്ദ്രേട്ടന്റെ പരിഹാസം അവനെ ശരിക്കും വേദനിപ്പിച്ചു.
"സാർ എന്തു വേണമെങ്കിലും എന്നെ പറഞ്ഞോളു, പക്ഷേ എന്റെ പ്രൊഫഷനെക്കുറിച്ച് മോശമായിട്ടൊന്നും പറയരുത് : ഇതെന്റെ ഒരു മാജിക് പെയിന്റിംഗാണ്, എന്റെ മാസ്റ്റർ പീസ് ,കുറച്ച് കഴിയുമ്പോൾ ചുവപ്പ് നീലയായിക്കോളും"
കൂലിയൊന്നും വാങ്ങാതെ ചുവരിലെന്തോ എഴുതിയിട്ടിട്ട് പെയിന്റർ ചന്ദ്രേട്ടനോട് യാത്ര പറഞ്ഞു പോയ്. ഉറക്കം പിന്നെയും ബാക്കിയുള്ളതുകൊണ്ട് ചന്ദ്രേട്ടൻ ഒന്നു മയങ്ങാൻ കിടന്നു.
ഡ്യൂട്ടിയ്ക്ക് പോകാൻ സെറ്റ് ചെയ്ത അലാറം അടി കേട്ട് ചന്ദ്രേട്ടൻ ഉണർന്ന് ലൈറ്റിട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയ് റൂഫിന്റെ നിറം ചുവപ്പിൽ നിന്ന് നീലയായിരിക്കുന്നു. "അവൻ പറഞ്ഞത് ശരിയാണല്ലോ ശരിക്കും മാജിക്ക് തന്നെ" ചന്ദ്രേട്ടന്റെ ഉള്ളു പറഞ്ഞു. ചുവരിൽ അവൻ എഴുതിയിട്ട് പോയതിലേക്ക് ചന്ദ്രേട്ടന്റെ ദൃഷ്ടി പാഞ്ഞു ചെന്നു. അതൊരു മൊബൈൽ നമ്പരായിരുന്നു. ഒട്ടും സമയം കളയാതെ ആ നമ്പരിലേക്ക് ഡയൽ ചെയ്തു. മറുതലയ്ക്കൽ ഹലോ പറഞ്ഞപ്പോൾ ചെറിയ ചമ്മലോടെയെങ്കിലും ചന്ദ്രേട്ടൻ ചോദിച്ചു "നീ പറഞ്ഞിട്ട് പോയതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു, നീ ആരാണ്?"
ചന്ദ്രേട്ടന്റെ ചോദ്യത്തിന് ഒരു ചിരിയോട് കൂടിയുള്ള മറുപടിയും വന്നു.
"എന്റെ സാറേ സൗരയൂഥാ യൂണിവേഴ്സിറ്റിയിൽ നിന്നും പെയിന്റിംഗിന് മാസ്റ്റർ ബിരുദം നേടിയ ആളാ ഞാൻ, പേര് സൂര്യ, പിന്നെ വയറ്റിപ്പിഴപ്പിനു വേണ്ടി പണിക്കൊക്കെ പോകുന്നു. ദേ കൂലിയുടെ കാര്യം മറക്കണ്ട ഞാൻ രാവിലെയങ്ങ് എത്തും".
--------------------സൂര്യനും ചന്ദ്രനും------------------
ഊഴം
ചുടുചോര തെരുവിൽ പടരുന്നിതാ
പുതു പുഞ്ചിരിപ്പൂക്കൾ കൊഴിയുന്നിതാ
അങ്ങു വടക്കാ ഉമ്മറത്തിണ്ണമേൽ
വെള്ളപ്പുതപ്പുകൾ നിറയുന്നിതാ
നിങ്ങൾ ഓർക്കുക എൻ പ്രിയ സോദരർ
ചോര വാർത്തൊരാ മണ്ണാണിത്
എന്റെ ബാല്യവും ജീവതാളവും
കാർന്നു തിന്നൊരാ കരടാണിത്.
ഇനി എന്റെ ഊഴം, നിൻ വാൾത്തുമ്പിനാൽ
പിടയും ഞാൻ പുതിയൊരു രക്തസാക്ഷി
പിന്നെ പൂമാല,റീത്ത്, പൊതുദർശനം
കാണിക്ക പോലെ ചില കണ്ണുനീരും
ആർത്തിരമ്പി വരുന്നുണ്ട്
പോകുവാൻ നേരമായ് കൂട്ടരേ
നേരുന്നു ഞാൻ നിങ്ങൾക്ക്
ഒരു പുതുപുത്തൻ ഹർത്താലിനാശംസയും.
പുതു പുഞ്ചിരിപ്പൂക്കൾ കൊഴിയുന്നിതാ
അങ്ങു വടക്കാ ഉമ്മറത്തിണ്ണമേൽ
വെള്ളപ്പുതപ്പുകൾ നിറയുന്നിതാ
നിങ്ങൾ ഓർക്കുക എൻ പ്രിയ സോദരർ
ചോര വാർത്തൊരാ മണ്ണാണിത്
എന്റെ ബാല്യവും ജീവതാളവും
കാർന്നു തിന്നൊരാ കരടാണിത്.
ഇനി എന്റെ ഊഴം, നിൻ വാൾത്തുമ്പിനാൽ
പിടയും ഞാൻ പുതിയൊരു രക്തസാക്ഷി
പിന്നെ പൂമാല,റീത്ത്, പൊതുദർശനം
കാണിക്ക പോലെ ചില കണ്ണുനീരും
ആർത്തിരമ്പി വരുന്നുണ്ട്
പോകുവാൻ നേരമായ് കൂട്ടരേ
നേരുന്നു ഞാൻ നിങ്ങൾക്ക്
ഒരു പുതുപുത്തൻ ഹർത്താലിനാശംസയും.
വരവ്
. പൊതുവേ വൈകിയാണ് വരവ്
. ചിലപ്പോൾ നേരത്തേ തന്നെ വരും
. വരവറിയിച്ചിട്ട് വരാതിരിന്നിട്ടുണ്ട്
. ആഗ്രഹിച്ചപ്പോഴൊന്നും എത്തിയിട്ടുമില്ല
. ഇടയ്ക്കിടയ്ക്ക് വരട്ടേ വരട്ടേ എന്ന് ചോദിക്കും പക്ഷേ വരില്ല
. ഭീഷണിപ്പെടുത്തി വരിത്തിയിട്ടുമുണ്ട്
. ചിലപ്പോൾ നേരത്തേ തന്നെ വരും
. വരവറിയിച്ചിട്ട് വരാതിരിന്നിട്ടുണ്ട്
. ആഗ്രഹിച്ചപ്പോഴൊന്നും എത്തിയിട്ടുമില്ല
. ഇടയ്ക്കിടയ്ക്ക് വരട്ടേ വരട്ടേ എന്ന് ചോദിക്കും പക്ഷേ വരില്ല
. ഭീഷണിപ്പെടുത്തി വരിത്തിയിട്ടുമുണ്ട്
Subscribe to:
Comments (Atom)















































